Monday, June 23, 2014

അറിയുന്നുണ്ട്‌

അലക്കി വെളുപ്പിച്ച്‌ 
വടിപോലെ തേച്ചിട്ട ഷര്‍ട്ടുമിട്ട്‌
നീ മുന്‍പില്‍ വന്നു നില്‍ക്കുമ്പോഴെല്ലാം 
നിന്റെ നെഞ്ചില്‍ രോമങ്ങള്‍ 
നിബിഡവനം തീര്‍ത്തിരുന്നോ 
എന്നു നോക്കിയിരുന്നു എന്നത്‌ ശരിതന്നെ 
വെളുപ്പിച്ച ഷര്‍ട്ടെങ്കിലും 
വെളുക്കാത്ത നിന്റെ മനസ്‌ അപാരം 
ഇടയ്‌ക്കിടെ ചുംബിക്കുമ്പോഴും അറിഞ്ഞില്ല
നിന്റെ മനസിലെ കുശുമ്പും കുന്നായ്‌മയുമുള്ള 
സ്‌ത്രൈണതയെ 
ചേര്‍ത്തു നിര്‍ത്തുന്ന സമയത്തും
തൊട്ടു മുന്‍പിലുള്ള മതിലിന്റെ
മറയില്‍ മറ്റൊരുവനോട്‌ ചേര്‍ന്നു
നില്‍ക്കുന്നവളുടെ മാറിടത്തിലേക്ക്‌ 
നീളുന്ന നിന്റെ കണ്ണുകളുടെ
അനുസരണക്കേടും മനസിലാകാതില്ല 
പറയുന്ന വാക്കിലെ 
പൊങ്ങച്ചവും തലക്കനവും 
മാത്രമേ നിനക്കുള്ളുവെന്ന്‌ 
മറ്റാരേക്കാള്‍ നന്നായി അറിയുന്നു 
നിന്റെ അടിമയായിരിക്കാന്‍ 
ആവശ്യപ്പെതു മൂലം 
നിന്നെ നഷ്ടപ്പെടാതിരിക്കാന്‍ മാത്രം
കുഴിച്ചു മൂടിയതാണു സ്വന്തം സ്വത്വം 
ഒടുവില്‍ നേരിട്ടു പോലും 
പറയാന്‍ ധൈര്യമില്ലാതെ 
പിരിഞ്ഞു പോകുമ്പോഴും 
ദേഷ്യം തോന്നുന്നില്ല തെല്ലും 
കടുകുമണിയോളം
ചെറുതായ നിന്നോട്‌
ഉച്ചത്തില്‍ സംസാരിക്കാന്‍ പോലും
സഹതാപം തോന്നും 
എങ്കിലും കുറച്ചു നാളെങ്കിലും 
സ്വത്വത്തെ നിനക്കായി
മാറ്റിവച്ചതിന്റെ നോവുണ്ട്‌ മനസില്‍

ആത്മസാക്ഷാത്‌കാരം

പുസ്‌തകവും പേനയുമെടുത്ത്‌ 
ഉള്ളില്‍ ഉരുത്തിരിഞ്ഞ 
ആശയങ്ങളെ കവിതയാക്കാന്‍
 ഇരുന്നതാണ്‌, 
എഴുതാനിരുന്നിട്ടും മനസില്‍
വല്ലാത്തൊരു അസ്‌കിത 
പലതുമുണ്ട്‌ മനസില്‍ 
എന്തിനെപ്പറ്റിയാണ്‌ 
എഴുതി വരിക?
 ഒരു ദീര്‍ഘനിശ്വാസമെടുത്ത ശേഷം
രണ്ടു കൈയിലെയും ഞൊട്ടയൊടിച്ച്‌
മുറിയിലൂടെ അങ്ങിങ്ങു നടന്നു 
ജനലഴിയിലൂടെ പുറത്തേക്ക്‌ 
നോക്കി നിന്നപ്പോഴാണ്‌ 
ഒരു സത്യം ഓര്‍മ്മ വന്നത്‌ 
എന്തിനെപ്പറ്റിയും കവിത എഴുതാം, 
പക്ഷേ മലയാളം മരിക്കുന്നു 
എന്നല്ലേ കേള്‍ക്കുന്നത്‌ 
ഇതാരു വായിക്കും? 
മലയാളം കുരച്ചു കുരച്ചു അരിയാം 
എന്ന പല്ലവിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌
 ഇംഗ്ലീഷിലല്ലാത്തതിനൊന്നും 
വിലയില്ലെന്ന തേങ്ങല്‍ 
മകള്‍ മലയാളം പുസ്‌തകം വായിച്ചതിന്‌
ഒച്ചപ്പാടുണ്ടാക്കിയ അച്ഛനമ്മമാര്‍, 
അലങ്കാരത്തിനെങ്കിലും 
ഇംഗ്ലീഷ്‌ എഴുത്തുകാരുടെ 
പുസ്‌തകങ്ങള്‍ മാത്രം 
വാങ്ങിവയ്‌ക്കുന്ന പൊങ്ങച്ചക്കാര്‍ 
ക്ലബ്ബുകളിലും മാളുകളിലും 
അലയുന്ന യുവത്വങ്ങള്‍ 
പൊതുസ്ഥലത്തോ വീട്ടില്‍ വച്ചോ പോലും 
മലയാളം പറഞ്ഞാല്‍ പിഴ ഈടാക്കുമെന്ന
വ്യവസ്ഥയില്‍ വളരുന്ന കുട്ടികള്‍
 അവരെങ്ങനെ നിന്നെ വായിക്കും 
മലയാള കവിതേ? 
അങ്കലാപ്പുകള്‍ ഏറെയെങ്കിലും 
മലയാളത്തില്‍ എഴുതുമെന്ന 
തീരുമാനമെടുത്ത്‌ സിഗരറ്റില്‍ നിന്നും
അവസാന പഫുമെടുത്ത്‌ 
അയാള്‍ കസേരയില്‍ വന്നിരുന്ന്‌
ആത്മസാക്ഷാത്‌കാരംനടത്താന്‍ പേനയെടുത്തു

Tuesday, June 17, 2014

പൂക്കാത്ത മരം

പൂക്കാത്ത മരമൊന്ന്‌
 ഒറ്റയ്‌ക്ക്‌ 
എത്രയേറെ
കാറ്റുകള്‍ തഴുകി
കടന്നു പോയി 
ചെവിയിലെത്ര 
പ്രലോഭനങ്ങളോതി 
കിഴക്കന്‍ കാറ്റ്‌ 
മെല്ലെ തഴുകി, 
ഉമ്മകള്‍ കൊടുത്ത്‌, 
നെഞ്ചോട്‌ ചേര്‍ത്ത്‌, 
കിഴക്കന്‍ കാറ്റില്‍ 
പൂത്തുലയാന്‍, 
കുഞ്ഞുശാഖികള്‍ 
ഉണ്ടാകുവാന്‍ ധ്യാനിച്ച്‌,
തടയാനെത്തുന്ന 
കൊടുങ്കാറ്റില്‍ 
കടപുഴകി 
വീഴാതിരിക്കാന്‍, 
വേരുകള്‍ 
ഭൂമിയിലേക്കാഴ്‌ത്തി 
കരുത്ത്‌ പ്രാപിക്കെ
നുണയുടെ
മറപിടിച്ച്‌ 
കാറ്റങ്ങ്‌ പോയി

Wednesday, June 11, 2014

ദൈവം പോയ വഴി

രാവിലെ തുടങ്ങിയ 
അന്വേഷണമാണ്‌
ഒരിടത്തുമില്ല
പെരുവിലേന്ന്‌ ദേഷ്യം
ഇരച്ചു കയറുന്നുണ്ട്‌
ഒരു വാക്കു പോലും
പറയാതെ എവിടേക്കാണാവോ
പുറപ്പെട്ടു പോയത്‌?
റെയില്‍വേ സ്‌റ്റേഷനുകളിലും
ബസ്‌ സ്‌റ്റോപ്പുകളിലും
ആരാധനാലയങ്ങളിലും
എല്ലാം നോക്കി
കാര്യം പറഞ്ഞാല്‍
കളി കാര്യമായതാണ്‌
കുറച്ചു ദിവസമായി 
വഴക്കും വക്കാണവും തന്നെ
അല്ലപിന്നെ,
എല്ലാം അറിയാമെന്ന ഭാവമാ,
എന്നാല്‍ എന്തേലുമൊന്ന്‌ 
നടക്കണ്ടേ?
അഹങ്കാരം കണ്ട്‌ മടുത്തപ്പോ
പറഞ്ഞതാണ്‌
ഇറങ്ങിപ്പൊയ്‌ക്കൊള്ളാന്‍
ഇനിയിപ്പോ തിരഞ്ഞു നടക്കാന്‍
സമയമില്ല,
ബാഗെടുത്ത്‌ ശരീരമങ്ങ്‌ 
നടക്കുമ്പോ മനസ്‌ 
ചോദിക്കുന്നുണ്ടായിരുന്നു
എങ്കിലും ദൈവം പോയ
വഴിയേതാണ്‌?

Monday, June 9, 2014

ഊര്‍ദ്ധശ്വാസം വലിക്കാന്‍
ആരംഭിച്ചതിനെ
അക്ഷരശ്വാസത്താല്‍
ജീവന്‍വെപ്പിച്ച്‌
മിടിക്കുന്ന ഹൃദയത്തിന്‌
സൗഹൃദത്തിന്റെ വളമേകി
ചെറു സന്തോഷത്തിന്റെ
വെള്ളമൊഴിച്ച്‌
കുരുന്നിലകള്‍
മുളപ്പിച്ച്‌
വേരുകള്‍
ഉള്ളിന്നുള്ളിലേക്ക്‌
ആഴ്‌ത്തി
സ്വത്വത്തെ തിരിച്ചറിഞ്ഞ്‌
മെല്ലെ മെല്ലെ 
സൂര്യനിലേക്ക്‌ തലയുയര്‍ത്തി
അനേകം ശാഖികള്‍ പുറപ്പെടുവിച്ച്‌
കരുത്തുള്ളൊരു
തണല്‍മരമാകണം ജീവിതം
കുളിമുറി
മൂളിപ്പാട്ടുകാരുടെ
ഓഡിറ്റോറിയം
അഭിമാനികളുടെ
കരച്ചിലിടം
സ്വപ്‌നസഞ്ചാരികളുടെ
ആലോചനായിടം
രഹസ്യസന്തോഷങ്ങളുടെ
ചിരിയിടം
ചമയങ്ങളില്ലാതെ 
നമ്മള്‍ നമ്മെ നോക്കുന്നയിടം
അങ്ങനെ കുളിമുറി
ഒരിടമാണ്‌
ഒത്തിരി കാര്യങ്ങളുടെ
വല്യൊരിടം

Saturday, June 7, 2014

നിന്നോടൊപ്പം ഒരു കുഴിമാടത്തില്‍
അന്തിയുറങ്ങാമെന്ന്‌ വാക്കു തന്നിട്ട്‌
ചിതയിലേക്കെന്നെ എറിഞ്ഞിട്ട്‌ 
നീ തീര്‍ത്ഥാടനത്തിന്‌ പോയതെങ്ങ്‌?
ഉരുകിത്തെളിഞ്ഞിട്ടും 
ജീവിതശാഖിയില്‍ 
 ഭ്രാന്തെടുപ്പിക്കുന്ന കോലാഹലങ്ങള്‍ 
 പൂര്‍ണ്ണമായും 
കൈവിട്ടു കളയുമ്പോഴും 
തള്ളിയിട്ടതല്ലെന്ന്‌ വിശ്വസിച്ച്‌ 
അടര്‍ന്നു വീഴുന്ന നിമിഷങ്ങളിലും 
ജീവിക്കാന്‍ ഒരു നിമിഷം 
കൂടിയെന്നോര്‍ത്ത്‌ 
അടര്‍ന്നു വീഴുന്ന ഇലകളെയോര്‍ത്ത്‌ കാല്‍പ്പാദങ്ങള്‍ക്കടിയില്‍ 
ഞെരിഞ്ഞമരുന്ന 
പുല്‍ക്കൊടികളെയോര്‍ത്ത്‌ 
വേദനിച്ച്‌ 
ലോകം മുഴുവന്‍ 
 കരുണയായിരിക്കണമേ 
എന്ന്‍ ദൈവത്തിനു മുന്‍പില്‍ 
കൈകള്‍ കൂപ്പി പ്രത്യാശയോടെ, 
 പ്രാര്‍ത്ഥനയോടെ 
ചില ജീവിതങ്ങള്‍ ഇങ്ങനെയും 
എന്നോര്‍ത്ത്‌ ദീര്‍ഘ നിശ്വാസമെടുക്കെ
ശ്വാസം നിലച്ച്‌ വഴിയരികില്‍
നിന്നും പൊതുശ്‌മശാനത്തിലേക്ക്‌

Monday, June 2, 2014

നുറുങ്ങുകള്‍

യുദ്ധമാണ്‌ ഞാനും
ദൈവവും തമ്മില്‍
ജയിച്ചാല്‍ ഞാന്‍ നിനക്കൊപ്പം
ഇല്ലെങ്കില്‍ ദൈവത്തിനൊപ്പം



ഗര്‍ഭപാത്രം തരിശ്‌
സ്‌നേഹപ്പാലാഴിയാല്‍
നിറഞ്ഞു വിങ്ങുന്ന മാറിടം
കണ്ണില്‍ അശ്രുകണം



മരിക്കണമെന്നോര്‍ത്തിട്ടും
റോഡ്‌ മുറിച്ചു കടക്കുമ്പോള്‍
കണ്ണുകള്‍ ഇരുവശത്തേക്കും
വെറുതെ പായുന്നു



നീ വണ്ടെന്നുള്ളതിന്‌ 
സാക്ഷി വാടിയ ഈ പൂവു തന്നെ



പാകമല്ലാത്ത ചെരിപ്പൊന്നു
നിര്‍ബന്ധപൂര്‍വ്വം ഇടീപ്പിച്ചിട്ടവര്‍
പറയുന്നു ചെരിപ്പെനിക്കു നന്നെന്ന്‌
അവര്‍ അറിയുന്നുവോ 
മരണം ചെരിപ്പിന്റെ വാറിനോളം
അടുത്തെന്ന്‌

Monday, May 19, 2014

ശരിയും തെറ്റും വിധിക്കുന്നതിനിടെ
പ്രിയനേ, നീ എന്നിലെ സ്‌നേഹസങ്കീര്‍ത്തനം
അറിയാന്‍ മറന്നു.
തെരുവിലേക്കെന്നെ വലിച്ചെറിയുമ്പോള്‍
കാല്‍പാദത്തിലേക്കിറ്റു വീണ 
കണ്ണുനീരും കണ്ടില്ല..
ഈ തെരുവില്‍ ശരീരത്തിന്റെ
രുചിയറിയാന്‍ വെമ്പല്‍കൊള്ളുന്നവര്‍ക്കു മുമ്പില്‍
ഞാന്‍ നിന്റെ ഭജന്‍ പാടും
നിന്നോളം എന്നെ ഭ്രമിപ്പിച്ച
ഒന്ന്‌്‌ ഈ ലോകത്തെന്ത്‌്‌?
എനിക്കു വേണ്ടി നീ തീര്‍ത്ത
വീട്‌ ആര്‍ക്ക്‌ വാടകയ്‌ക്ക്‌്‌ കൊടുത്തു?
തെരുവിലൊരു മൂലയ്‌ക്ക്‌ 
ഭയത്തോടെ രാത്രികള്‍ 
കഴിച്ചുകൂട്ടുമ്പോഴൊക്കെയും
നീ കൊഞ്ചിച്ചു പറഞ്ഞതൊക്കെയും
താരാട്ടായി ഓര്‍മ്മയിലെത്തും
ഒടുവില്‍ അനാഥമായി
ശരീരം ചേതനയറ്റു കിടക്കുമ്പോഴും
ശരിതെറ്റുകളുടെ കണക്കെടുപ്പിലായിരിക്കും

Saturday, May 17, 2014

എന്റെ കവിതയ്‌ക്ക്‌
നിന്റെ ശുണ്‌ഠിയുടെ
ഇളംചൂട്‌
തളരാതെ നിനക്കൊപ്പം ഞാനും
മദ്യം ഇമ്മണി വല്യൊരു സംഭവമാണ്‌
അതില്ലാതെ എന്ത്‌ ആഘോഷം?
മദ്യം തരുന്ന സന്തോഷം 
മറ്റാര്‍ക്ക്‌ തരാന്‍ കഴിയും?
അമ്മയുടെ അമ്മിഞ്ഞ കുടിക്കുന്ന പോലെ
രാവിലെ മുതല്‍ നീ നുണഞ്ഞ
മദ്യം മരണഭയമല്ലാതെ മറ്റെന്തെങ്കിലും
തന്നോ ആവോ?
എന്നേലും ഇമ്മിണി വല്യ ലഹരി തന്നെ
ആണേയ്‌ അത്‌..
സ്‌നേഹമെന്ന ലഹരിക്കുമപ്പുറം
കണ്ടെത്തിയ ലഹരിക്ക്‌ 
പറയുവാനുത്തരമില്ല
മനുഷ്യനെ പറഞ്ഞിട്ട്‌ എന്ത്‌ കാര്യം
ദേവന്മാരുടെ സോമരസമായും
കാനായിലെ വീഞ്ഞായും
ദൈവം തന്നെ പഠിപ്പിച്ചതത്രേ
മദ്യപാനം
എന്നിട്ടൊടുവില്‍ പറയുന്നു
മദ്യപാനം ഹാനികരമെന്ന്‌
അല്ല പിന്നെ,
അന്ന്‌ ദൈവം എന്തോര്‍ത്തിട്ടായിരുന്നു?

Wednesday, May 14, 2014

പ്രണയത്തിന്റെ പിന്‍കുറിപ്പ്‌


എന്റെ മേല്‍ ജയിക്കാന്‍ നീ സ്വയം അരുള്‍ ചെയ്‌ത നിന്റെ മരണത്തിനുമേല്‍ ദൈവത്തിന്റെ സ്‌തുതി ഉണ്ടായിരിക്കട്ടെ


നിന്റെ മരണമാണ്‌ ഇന്നേറെ പ്രതീക്ഷിക്കുന്നത്‌. അത്‌ വൈകുന്നതിലെ ദുരൂഹത ഒട്ടൊന്നുമല്ല അലട്ടുന്നത്‌. അന്യജനത്തിന്‌ ക്രൂരമായി തോന്നുന്ന ഈ ചിന്തയ്‌ക്കുമേല്‍ അവരെന്നെ കല്ലെറിയുന്നതിനെ ഭയപ്പെടുന്നില്ല. നിന്നോടെനിക്ക്‌ പ്രണയമുണ്ടായിരിക്കെ നിന്റെ മരണത്തെ കാത്തിരിക്കുന്നതിലെ വൈരുദ്ധ്യം വിസ്‌മയിപ്പിക്കുന്നുണ്ടാകും. ഇവളെന്ത്‌ പെണ്ണെന്ന്‌ സഹനത്തിന്റെ മൂര്‍ത്തീഭാവങ്ങളായവരും ചിന്തിക്കാം. ഉത്തരം നിന്റെ പക്കലാണുള്ളത്‌. അവ്യക്തത മാത്രം നിറയുന്ന നിന്റെ ജീവിതത്തില്‍ സമയമുണ്ടെങ്കില്‍ മാത്രം അവര്‍ക്കുത്തരം നല്‍കുക.
          നീയെന്ന ലഹരിയില്‍ ആഴ്‌ന്നു പോയ എനിക്ക്‌ മുക്തി പ്രാപിക്കാന്‍ മറ്റൊരു വഴിയും ഞാന്‍ കാണുന്നില്ല പ്രിയനേ..എന്നോട്‌ ക്ഷമിക്കുക. ജീവന്‍ തുടിച്ച്‌ ഓരോ നിമിഷവും ഈ ഭൂമിക്കുമേല്‍ നീ തിരിച്ചെത്തുമെന്ന പ്രതീക്ഷ ഈ പെണ്ണുടലിലും മനസിലും നിലനില്‍ക്കും. എന്തുകൊണ്ടിങ്ങനെയെന്ന്‌ അനുമാനിക്കാനേ കഴിയുന്നില്ല. 
           നീ പണിതുയര്‍ത്തിയ ചട്ടക്കൂടിനുള്ളിലേക്ക്‌ എന്നെ ഉരുക്കിയഴിച്ച്‌ നിനക്കായി പാകപ്പെടുത്തിയിരുന്നു. നീ എന്നെ സ്വതന്ത്രയാക്കി വിട്ടിട്ടും നിന്റെ തിരുശേഷിപ്പുകള്‍ ഇന്നും അവശേഷിക്കുന്നു. പൂര്‍ണമായും സ്വാതന്ത്ര്യം പ്രാപിക്കണമെങ്കില്‍ മറ്റെന്ത്‌ പോംവഴി? എങ്കിലും നീ ഒന്നറിയുക; നിന്റെ മരണമെന്നത്‌ സത്യമെങ്കില്‍ അതിനുശേഷം പോലും നിന്നില്‍ നിന്ന്‌ ശാശ്വത മുക്തി ലഭിക്കുന്നില്ല.
           ഇത്രയേറെ പറയുമ്പോഴും നിന്റെ മരിച്ചറിയിപ്പ്‌ വരുന്ന നിമിഷം എങ്ങനെ അതിജീവിക്കുമെന്നോ പ്രതികരിക്കുമെന്നോ അറിയില്ല. നിന്റെ മരണത്തിലും നിനക്ക്‌ വിധേയയായി ശിരസ്‌ കുമ്പിട്ട്‌ നില്‍ക്കാനേ എനിക്ക്‌ കഴിയൂ. അവിടെയും നീ ജയിക്കും. എങ്കിലും നിന്റെ ജയം എനിക്ക്‌ പ്രിയപ്പെട്ടതു തന്നെ. 
ഇത്രയേറെ ക്രൂരമായ എന്റെ മനസിനെ തകര്‍ത്തുകളഞ്ഞ നിന്റെയൊരു ചോദ്യമുണ്ട്‌. ആ ചോദ്യമാണെന്നെ ഇത്രമേല്‍ ക്രൂരയാക്കിയതും. ആജീവനാന്തം ആ ചോദ്യമെന്നെ വേട്ടയാടുകയും ചെയ്യും....

സ്‌ത്രീയേ നിനക്കും എനിക്കും ഇടയിലുള്ള ബന്ധമെന്ത്‌?

Monday, May 12, 2014

അന്നു ഞാന്‍ തിരികെ വീട്ടിലെത്തിയപ്പോള്‍
ആദ്യമായി കണ്ണാടിക്കു മുമ്പില്‍ 
എന്നെത്തന്നെ അടിമുടി നോക്കി
ശരീരത്തില്‍ ആകര്‍ഷിക്കാന്‍ മാത്രമായെന്ന്‌
അന്നേരവും കണ്ടില്ല,
എന്റെ ശരീരത്തിന്റെ നഗ്നതയെ ആദ്യമായി
സൂക്ഷമമായി വീക്ഷിക്കാന്‍ 
ശ്രമിച്ചപ്പോഴും നീയെന്നെ പൊതിഞ്ഞു
പിടിച്ച്‌ ആ നഗ്നതയാസ്വദിക്കാന്‍
നിനക്കാണവകാശമെന്നു നീ പറഞ്ഞതുപോലെ തോന്നി
ധൃതിയില്‍ വസ്‌ത്രമെടുത്തു ഞാന്‍
എന്നെ പൊതിഞ്ഞു.
ആദ്യമായി ചുണ്ടുകളെ നീ
നുകരുമ്പോഴും എന്താണ്‌ സംഭവിക്കുന്നതെന്ന്‌
വ്യക്തതയുണ്ടായിരുന്നില്ല
അന്ന്‌ പക്വതയ്‌ക്കുമപ്പുറം ഒരു കാമുകന്റെ
ചാപല്യങ്ങളെല്ലാം നിനക്കുണ്ടെന്നറിഞ്ഞു
ഒരിക്കലും ഞാനെന്തറിഞ്ഞില്ല
എള്ളോളം സ്‌നേഹത്തോടെ വിളിച്ചില്ല
എങ്കിലും ഞാനറിയുകയായിരുന്നു
നീയിതൊക്കെയാണെന്ന്‌
നിന്നെ നീയായിത്തന്നെ അംഗീകരിക്കുകയായിരുന്നു
ഒടുവില്‍ വേണ്ടെന്നു വയ്‌ക്കുമ്പോഴും
നിന്നെ സ്‌നേഹിക്കുന്നവളായിരിക്കെ 
പെണ്ണായിരിക്കെ ക്ഷമിക്കാനേ എനിക്കു കഴിയു

Friday, May 9, 2014

പ്രണയം തോന്നി നിമിഷങ്ങള്‍
കൊഴിയുന്തോറും ആക്രമണമാകാതിരിക്കാന്‍
പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌
നുണയുടെ പുറംചട്ട മുഴുവനായി
അഴിഞ്ഞു വീഴുന്നതിനു മുമ്പേ
അവളില്‍ നിന്ന്‌ ഒഴിയണം
പറ്റുമെങ്കില്‍ കിടപ്പറ വരെ എത്തിക്കണം
അതുമല്ലെങ്കില്‍ ബാഹ്യമായ പ്രകടനങ്ങളെങ്കിലും
നടത്തണം, അല്ലാതെന്തു പ്രണയം?
കൂട്ടുകാര്‍ കളിയാക്കില്ലേ
വിട പറയാന്‍ മെസേജ്‌ തന്നെ ധാരാളം
നേരിട്ട്‌ പറയല്‍ ബോറന്‍ പരിപാടി തന്നെ
വൈകീട്ട്‌ ഡി ജെയ്‌ക്ക്‌ പോണം
ആടിപ്പാടണം, മദ്യം നുകരണം
മനസുകൊണ്ട്‌ അവള്‍ക്കൊരു
ഗുഡ്‌ബൈ പറയണം
നാളത്തേക്ക്‌ പുതിയ കരുക്കള്‍ നീക്കണം

Thursday, May 8, 2014

മരണത്തിന്റെ ചൂളം വിളിക്ക്‌ കാതോര്‍ത്ത്‌
ട്രാക്കിലൂടെ നടക്കുമ്പോള്‍ 
നീ മാത്രമായിരുന്നില്ല മനസില്‍
നീ തിരിച്ചെത്തുമെന്ന പ്രതീക്ഷ
ഉള്‍മനസില്‍ നിന്നു മാഞ്ഞില്ല
നീ വരില്ലെന്ന്‌ മനസിനെ പറഞ്ഞു 
വിശ്വസിപ്പിക്കാനാണ്‌ ട്രാക്കിലൂടെ
ഞാന്‍ നടന്നത്‌
പിന്നെ നീയില്ലാതാകുമ്പോള്‍
എന്റെ ശരീരത്തിന്റെ കിതപ്പാറ്റാന്‍
കൂട്ടുവരാമെന്ന്‌ വാഗ്‌ദാനം നല്‍കിയ
സുഹൃത്ത്‌
്‌അയാളുടെ ക്ഷമയെ അറിയാതെ 
നമിച്ചുപോയി
എന്റെ ശരീരത്തിന്റെ റേറ്റിംഗ്‌
ഇത്രത്തോളമുണ്ടാകുമെന്ന്‌
എന്തേ നീയറിയാതെ പോയി?
ചിതറിത്തെറിച്ച്‌ ട്രാക്കില്‍ 
കിടക്കുമ്പോള്‍ നീയറിഞ്ഞെത്തുമോ
അവസമായി കാണാന്‍
ഇതുമെന്റെ അഭിനയമോ, കള്ളക്കളിയോ
ഒന്നുമല്ല ഒരിക്കല്‍ നിനക്കു മാത്രമെന്ന്‌
മനസുകൊണ്ട്‌ നിനക്കേകിയ എന്‍
ജീവിതം തന്നെ
ചുരമിറങ്ങിയെത്തിയ സ്‌നേഹത്തിന്‍ കാറ്റ്‌
മനസിനെ വിഭ്രാന്തിയിലാഴ്‌ത്തി
പാതി വഴിയില്‍ വച്ച്‌ പിരിയുന്നു
അവന്‍ മറക്കുന്നു ദേഹിയും ദേഹവും
കൂടെയുണ്ടാകുമെന്ന ഉറപ്പ്‌,
മറക്കാത്തൊരെന്നെ വിഡ്‌ഢിയെന്നു വിളിക്കുന്നു
ഇരു ദിക്കുകളില്‍ നിന്നെത്തിയവര്‍ 
ഒരേ രേഖയിലെത്താന്‍ കൊതിച്ചവര്‍
എവിടെ തെറ്റിയെന്നറിയാതെ അവള്‍ പകച്ചു
യാത്രയില്‍ ഇതുവരെയറിയാത്ത
തണുത്ത കാറ്റേറ്റ്‌ കിതച്ചപ്പോഴൊക്കെയും
അധരത്തിലൂടെ ജീവവായു തന്നവന്‍
ദിക്കറിയാത്തൊരിടത്ത്‌ അവളെ പിഴയ്‌ക്കാന്‍
വിട്ട്‌ തനിച്ച്‌ ചുരം കയറുന്നു

Wednesday, April 16, 2014


അവളുടെ മേല്‍ കല്ലുകള്‍ പതിച്ചുകൊണ്ടിരുന്നു. ആദ്യത്തെ കല്ലേറ്‌ നടത്തിയത്‌ അച്ഛനമ്മമാരാണ്‌. അമ്മ ആദ്യമെറിഞ്ഞു, രണ്ടാമത്‌ അച്ഛനും. ഹൃദയം പൊട്ടിപ്പിളര്‍ന്നു. പിന്നീട്‌ വരുന്നവരെല്ലാം അവളെ കല്ലെറിഞ്ഞുകൊണ്ടിരുന്നു. അതൊന്നും അവളെ ഏശിയതേയില്ല. കല്ലേറെല്ലാം ആരാലും തിരിച്ചറിയപ്പെടാതെ പോയ ഒരുവള്‍ക്കേറ്റ പ്രഹരമായിരുന്നു. ആദ്യം കല്ലെറിയരുതെന്നപേക്ഷിച്ചെങ്കിലും മറുചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ അവള്‍ക്കായില്ല. വീട്ടുകാരാല്‍ കല്ലെറിയപ്പെട്ട്‌ പൊതുസമൂഹത്തിന്‌ കല്ലെറിയാന്‍ അവര്‍ നല്‍കിയവള്‍ക്ക്‌ തന്നെ കല്ലെറിയരുതെന്നപേക്ഷിക്കാന്‍ എന്ത്‌ ന്യായം? 
തിരിച്ചറിവുകളെ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുള്ളവള്‍ക്ക്‌ ഹൃദയംകൊണ്ട്‌ ചിന്തിക്കുന്നവള്‍ക്ക്‌ ബുദ്ധികൊണ്ട്‌ ചിന്തിക്കുന്നവള്‍്‌ക്കിടയില്‍ ജീവിക്കാന്‍ എന്തവകാശം? സംഘര്‍ഷം കണ്ടുവളര്‍ന്നവളെ സ്വീകരിക്കാന്‍ ആരുമെത്തിയില്ല. അവളൊരിക്കലും സമ്പത്തിന്‌ അവകാശിയായിരുന്നില്ല, സൗന്ദര്യത്തിന്‌ വിലകല്‍പ്പിച്ചിരുന്നവളല്ല.... തനിക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും സ്‌നേഹം ഏറ്റുവാങ്ങാന്‍ ജീവിതമുണ്ടെന്നും അവള്‍ വൃഥാ ആഗ്രഹിച്ചു. നടക്കില്ല എന്നറിഞ്ഞിട്ടും. 
ഒറ്റയ്‌ക്കാകുമ്പോള്‍ ഹൃദയം ചിന്തി വേദനിക്കുമ്പോള്‍ ഒറ്റയ്‌ക്കിരുന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചു. എവിടെയോ ഇരുന്നൊരു ശക്തി ഇതറിയുന്നുണ്ടെന്ന്‌ വിശ്വസിച്ചു. വഴിപിഴച്ചവളുടെ പ്രാര്‍ത്ഥന ഈശ്വരന്‍ കേള്‍ക്കില്ലെന്ന്‌ ഏവരും അവള്‍ കേള്‍ക്കെ പറഞ്ഞുകൊണ്ടിരുന്നു. കല്ലറുകള്‍ മുറയ്‌ക്ക്‌ ഇങ്ങനെ നടന്നുകൊണ്ടിരുന്നു. എറിയുന്നവര്‍ ഓര്‍ക്കുന്നില്ല അവരുടെ പിഴവ്‌, പക്ഷേ അവള്‍ പിഴച്ചവളെന്ന്‌ വിശ്വസിച്ചു. അച്ഛനമ്മമാര്‍ ഏല്‍പ്പിച്ച മുറിവില്‍ നിന്നു മാത്രം അവള്‍ മുക്തയായില്ല. 
ഒടുവില്‍ മാത്രം അവള്‍ ദൈവത്തോട്‌ ചോദിച്ചു എന്തിനു വേണ്ടി എന്റെ ജീവിതം ദുഃഖത്തിലാഴ്‌ത്തുന്നു? ചോദ്യത്തിനവസാനം ദൈവം അരുള്‍ ചെയ്‌തു നീ വെറുക്കപ്പെടേണ്ടവള്‍, നീ ജീവിതാവസാനം സഹസനത്തിന്റെ സുവിശേഷമെഴുതണം, അതുവരെയും നീ പീഡനം സഹിക്കുക.

Friday, April 11, 2014

ഈ മഴയത്ത്‌ എനിക്കൊരു
കവിത കുറിക്കണം
നിന്റെ നെഞ്ചോട്‌ 
ചേര്‍ന്ന്‌ നിന്നൊരു കവിത,
തൂലിക നിന്റെ വിരലാണ്‌
പുസ്‌തകത്താള്‍
നീയെന്നും എന്നെ പ്രിയമോടെ
ചേര്‍ത്തു നിര്‍ത്തുന്ന 
നിന്റെ നെഞ്ചകവും

Sunday, March 16, 2014

ഒടുവിലെന്റെ കല്ലറയ്‌ക്ക്‌ മുന്‍പില്‍ നില്‍ക്കുമ്പോഴും നീ പരിതപിക്കുന്നത്‌ നിനക്കെന്നെ ഞാന്‍ നല്‍കിയത്‌ പോരെന്നോര്‍ത്തായിരിക്കും എനിക്ക്‌ നീ നല്‍കിയതെന്തെന്ന്‌ അന്നും നീ ഓര്‍ക്കില്ല

Friday, March 14, 2014

ഈ പുഴ നീന്തിക്കടക്കാന്‍
നിനക്കൊപ്പം ഞാനുമുണ്ട്‌
പക്ഷേ പുഴയുടെ ആഴങ്ങള്‍ക്ക്‌
അറിയില്ലല്ലോ നാം കണ്ട സ്വപ്‌നങ്ങള്‍
നീയെത്തുമ്പോഴെ പൂത്തുലയുന്നൊരെന്നെയും
നിന്നിലുണരുന്ന ആവേഗങ്ങളെയും
സ്‌നേഹത്തിന്റെ ഏറ്റവും
ഉന്മാദാവസ്ഥയില്‍ എത്തി്‌ക്കാം
അല്ലെങ്കില്‍ പുഴയുടെ ആഴം നമ്മെ
അക്കരെയ്‌ക്ക്‌ എത്തിച്ചില്ലെങ്കിലോ?

Thursday, February 6, 2014


കാമം കൊണ്ടു നീയെന്നെ
തൊടാതിരിക്കുക
ഞാന്‍ പൊള്ളിയടര്‍ന്ന്‌ പോകും, 
അതിലൂടൊരു വിത്തെന്നില്‍
പാകാതിരിക്കുക, തകര്‍ന്നു പോകും
സ്‌നേഹം കൊണ്ടു നീയെന്നെ 
താലോലിക്കുക
മഞ്ഞുതുള്ളിപോല്‍ 
നിന്നിലലിഞ്ഞിടും 
നിര്‍മ്മല സ്‌നേഹത്തിന്‍ 
അമ്മയാവട്ടെ ഞാന്‍

Wednesday, January 22, 2014

ഞാന്‍ എപ്പോഴെ നിന്റേതായിരിക്കുന്നു
നീയറിയാത്തത്‌ എന്റെ കുറ്റമോ?
രണ്ടുധ്രുവങ്ങളില്‍ നില്‍ക്കാന്‍
എന്നിട്ടും നമ്മള്‍ വെറുതെ വാശിപിടിക്കുന്നു
പിന്നെ പ്രണയിച്ചെത്ര നാള്‍ നടക്കാന്‍?
പ്രായമിത്രയൊക്കെയായി
ഭാര്യയാവണം, അമ്മയാകണം
നിന്റെ തണലിനു താഴെ 
ഈ ജീവിതം സാര്‍ത്ഥകമാക്കണം
ഞാന്‍ വെറും സാധാരണപെണ്ണാണ്‌
ഇത്രയൊക്കെയാണ്‌ ആഗ്രഹം, 
അല്ല, പിന്നെ നീയും ഞാനും 
പ്രണയത്തേരിലേറി അങ്ങ്‌
ഉഗാണ്ടയിലേക്ക്‌ പോകുമെന്ന്‌ നുണ
പറയാനൊന്നും വയ്യെന്റെ പൊന്നെ!