അവളുടെ മേല്‍ കല്ലുകള്‍ പതിച്ചുകൊണ്ടിരുന്നു. ആദ്യത്തെ കല്ലേറ് നടത്തിയത് അച്ഛനമ്മമാരാണ്. അമ്മ ആദ്യമെറിഞ്ഞു, രണ്ടാമത് അച്ഛനും. ഹൃദയം പൊട്ടിപ്പിളര്‍ന്നു. പിന്നീട് വരുന്നവരെല്ലാം അവളെ കല്ലെറിഞ്ഞുകൊണ്ടിരുന്നു. അതൊന്നും അവളെ ഏശിയതേയില്ല. കല്ലേറെല്ലാം ആരാലും തിരിച്ചറിയപ്പെടാതെ പോയ ഒരുവള്‍ക്കേറ്റ പ്രഹരമായിരുന്നു. ആദ്യം കല്ലെറിയരുതെന്നപേക്ഷിച്ചെങ്കിലും മറുചോദ്യത്തിന് ഉത്തരം നല്‍കാന്‍ അവള്‍ക്കായില്ല. വീട്ടുകാരാല്‍ കല്ലെറിയപ്പെട്ട് പൊതുസമൂഹത്തിന് കല്ലെറിയാന്‍ അവര്‍ നല്‍കിയവള്‍ക്ക് തന്നെ കല്ലെറിയരുതെന്നപേക്ഷിക്കാന്‍ എന്ത് ന്യായം?തിരിച്ചറിവുകളെ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുള്ളവള്‍ക്ക് ഹൃദയംകൊണ്ട് ചിന്തിക്കുന്നവള്‍ക്ക് ബുദ്ധികൊണ്ട് ചിന്തിക്കുന്നവള്‍്‌ക്കിടയില്‍ ജീവിക്കാന്‍ എന്തവകാശം? സംഘര്‍ഷം കണ്ടുവളര്‍ന്നവളെ സ്വീകരിക്കാന്‍ ആരുമെത്തിയില്ല. അവളൊരിക്കലും സമ്പത്തിന് അവകാശിയായിരുന്നില്ല, സൗന്ദര്യത്തിന് വിലകല്‍പ്പിച്ചിരുന്നവളല്ല.... തനിക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും സ്‌നേഹം ഏറ്റുവാങ്ങാന്‍ ജീവിതമുണ്ടെന്നും അവള്‍ വൃഥാ ആഗ്രഹിച്ചു. നടക്കില്ല എന്നറിഞ്ഞിട്ടും.
ഒറ്റയ്‌ക്കാകുമ്പോള്‍ ഹൃദയം ചിന്തി വേദനിക്കുമ്പോള്‍ ഒറ്റയ്‌ക്കിരുന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചു. എവിടെയോ ഇരുന്നൊരു ശക്തി ഇതറിയുന്നുണ്ടെന്ന് വിശ്വസിച്ചു. വഴിപിഴച്ചവളുടെ പ്രാര്‍ത്ഥന ഈശ്വരന്‍ കേള്‍ക്കില്ലെന്ന് ഏവരും അവള്‍ കേള്‍ക്കെ പറഞ്ഞുകൊണ്ടിരുന്നു. കല്ലറുകള്‍ മുറയ്‌ക്ക് ഇങ്ങനെ നടന്നുകൊണ്ടിരുന്നു. എറിയുന്നവര്‍ ഓര്‍ക്കുന്നില്ല അവരുടെ പിഴവ്, പക്ഷേ അവള്‍ പിഴച്ചവളെന്ന് വിശ്വസിച്ചു. അച്ഛനമ്മമാര്‍ ഏല്‍പ്പിച്ച മുറിവില്‍ നിന്നു മാത്രം അവള്‍ മുക്തയായില്ല.
ഒടുവില്‍ മാത്രം അവള്‍ ദൈവത്തോട് ചോദിച്ചു എന്തിനു വേണ്ടി എന്റെ ജീവിതം ദുഃഖത്തിലാഴ്‌ത്തുന്നു? ചോദ്യത്തിനവസാനം ദൈവം അരുള്‍ ചെയ്‌തു നീ വെറുക്കപ്പെടേണ്ടവള്‍, നീ ജീവിതാവസാനം സഹസനത്തിന്റെ സുവിശേഷമെഴുതണം, അതുവരെയും നീ പീഡനം സഹിക്കുക.
No comments:
Post a Comment