Wednesday, December 25, 2013

ഒറ്റമൂലി


ഞാന്‍ ധിക്കാരിയാണ്‌,
അഹങ്കാരിയാണ്‌
അതു നിഷേധിക്കാന്‍
ഞാനില്ലതന്നെ.

ചെറുപ്പത്തില്‍ കുഞ്ഞുവയര്‍
വിശന്നു
അച്ഛനുമമ്മയും വിശന്നിരുന്നപ്പോള്‍
കൂട്ടിന്‌ ആരുണ്ടായിരുന്നു?


കുത്തുവാക്കുകള്‍ കേട്ടു
മനസു മടുത്തു
തൊടിയിലെ മരച്ചുവട്ടിലിരുന്നു
കരഞ്ഞപ്പോള്‍ ആരുവന്നു?

അമ്മ ഒരു കഷ്‌ണം കയറില്‍
തൂങ്ങിയാടാന്‍ ഒരുമ്പെട്ടപ്പോള്‍
തടുക്കാന്‍ ആരുവന്നു?

ആഘോഷവേളകളില്‍
ഉള്ളതില്‍ തൃപ്‌തിയടയാന്‍
ബന്ധുക്കള്‍ വരുമെന്നു കരുതി കാത്തിരുന്നു
ഞാന്‍ കണ്ടില്ല ഒന്നിനെയും.

ആശുപത്രി വരാന്തയില്‍
വെള്ളം വാങ്ങിക്കുടിക്കാന്‍
പണമില്ലാതെ മനസുടഞ്ഞിരുന്നപ്പോള്‍ 
ആരുണ്ടായി?

ഇതിനുമപ്പുറം ഒരു കുന്നോളമിനിയുമുണ്ട്‌
വിഷമങ്ങള്‍, കരഞ്ഞുതീര്‍ക്കാനല്ല,
മനസില്‍ വച്ചു നീറ്റിയെടുക്കാന്‍
വാശിയോടെ ജീവിക്കാനുള്ള
എന്റെ ഒറ്റമൂലി.

ഉറപ്പിച്ചു പറയുന്നു
ഞാന്‍ നിങ്ങള്‍ ഊഹിക്കുന്നതിനപ്പുറം
ധിക്കാരിയും അഹങ്കാരിയുംതന്നെ

Tuesday, December 24, 2013

പെരുവഴിയിലെ ഭാഗ്യം

പെണ്ണിന്റെ ഭാഗ്യം 
പെരുവഴിയിലത്രേ
സ്‌നേഹിച്ചവന്‍ വലിച്ചെറിഞ്ഞതും
പെരുവഴിയിലേക്ക്‌
മണിക്കൂറൊന്നിന്‌
രൂപയിപ്പോ എത്രയാ
കിട്ടുന്നേ,
പെണ്ണിന്റെ ഭാഗ്യം 
പെരുവഴിയില്‍ തന്നെ

എത്തുന്നുണ്ട്‌ അകലങ്ങളില്‍
നിന്നുവരെ
അവന്റെ സുഹൃത്തുക്കള്‍
പുതിയ സ്‌നേഹതന്ത്രവുമോതി
ശരീരസനേഹികള്‍

പെണ്ണിന്റെ ഭാഗ്യം
പെരുവഴിയില്‍ തന്നെ
ഇതിപ്പോ കുളിച്ചൊരുങ്ങി
പൊട്ടുതൊട്ട്‌ പൂ വെച്ച്‌
സ്റ്റാന്‍ഡുകളിലൊന്നും നില്‍ക്കേണ്ട
ഫോണ്‍വിളികളിലൂടെ
ഇങ്ങെത്തും

Sunday, December 22, 2013

പറയാന്‍ ഒരുപാട്‌ കരുതി
സ്‌നേഹം പങ്കുവയ്‌ക്കാനാശിച്ച്‌
നാളിതെത്ര കാത്തിരുന്നു
ഒടുവില്‍ നീയെത്തിയത്‌
ഒരുപിടി ചാരമായൊരെന്നെ കാണാന്‍
കണ്ണീര്‍ചാലു വീണ കവിളില്‍
നീ അധരമമര്‍ത്തിയപ്പോള്‍
തുടുത്തു,
മിഴിനീരിറ്റു നിന്ന്‌ 
മങ്ങിയ കണ്ണുകളില്‍ 
ചുംബിച്ചപ്പോള്‍ 
പ്രകാശം പടര്‍ന്നു
മെല്ലെ നീ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍
ഞാനാകെ പൂത്തുലഞ്ഞു
വീടിനു പുറത്ത്‌
നിറമുള്ള നക്ഷത്രമൊരുങ്ങി
മനസിനകത്ത്‌ അവജ്ഞയുടെയും
നിരാശയുടെയും മടുപ്പിന്റെയും 
കറുത്ത നക്ഷത്രവും
ഈ സ്വാര്‍ത്ഥ സ്‌നേഹം 
നല്‍കി വലയ്‌ക്കാതെ എന്നെ
മരണത്തിനു വിട്ടു കൊടുക്കൂ
ഞാനെന്റെ ജീവിതം
മേഘങ്ങള്‍ക്കിടയില്‍ ആസ്വദിക്കട്ടെ
നിന്നിലേക്ക്‌ ആഴ്‌ന്നിറങ്ങിയ
സ്‌നേഹത്തിന്റെ വേരുകള്‍
ജീവജലം ലഭിക്കാതെ
ഉണങ്ങിയടരുന്നു
എന്റെ ചിറകിനടിയില്‍ 
ഒതുങ്ങാന്‍ ആഗ്രഹിച്ച നീ
നിന്റെ ചിറകിനടിയില്‍ 
ഒതുങ്ങാന്‍ ഞാനും
ചിത കത്തിയെരിഞ്ഞത്‌
എന്റെ സ്വപ്‌നങ്ങളുടെയും

രണ്ടു നുറുങ്ങുകള്‍


നീയെന്റെ അധരത്തിലും
ഞാന്‍ നിന്റെ മൂര്‍ദ്ധാവിലും
ചുംബിക്കുവാന്‍ കൊതിച്ചത്‌
നമ്മുടെ സ്‌നേഹത്തിലെ അന്തരം

സൗഹൃദത്തില്‍ പൊതിഞ്ഞു
നീ എനിക്കു നല്‍കുന്ന
പ്രണയത്തിന്റെ നിറമെന്താണ്‌?
അന്ധനാം മനുഷ്യാ 
നിന്റെ ഉള്‍ക്കണ്ണു തുറക്കാതെ
എനിക്കില്ല ജീവിതം
നിന്നിലേക്ക്‌ പ്രഹവഹിക്കാന്‍
പുറപ്പെട്ട്‌ വരുന്ന
ഉള്‍ക്കാഴ്‌ചയെ ഉള്‍ക്കൊള്ളാന്‍ 
നീ ഒരുങ്ങിയിരിക്കുക
ഈ നൂല്‍പ്പാലത്തിലൂടെയാണ്‌
ജീവിതയാത്ര
ഇരുകരങ്ങളിലായി 
ഭ്രാന്തും ജീവിതവുമേന്തി,
ഒരു വശം മരണവും
മറുവശം ദുരിതവും.
കാതങ്ങള്‍ക്കപ്പുറം
ജീവിതത്തിന്റെ പച്ചത്തുരുത്തുണ്ട്‌
എത്രനാള്‍ യാത്ര ചെയ്‌തങ്ങെത്തും?
ഭ്രാന്തിന്റെ മൂളക്കം
അസ്വസ്ഥമാക്കി തുടങ്ങി
പാലമൊന്നാടിയുലഞ്ഞാല്‍
തീര്‍ന്നു,
ജീവിതത്തിന്റെ പച്ചത്തുരുത്തിലെത്തി
ശാന്തിയുടെ തെളിനീര്‌ കുടിക്കണമെന്നുണ്ട്‌
അതിനു മുന്‍പ്‌ മരണമോ, ഭ്രാന്തോ കീഴ്‌പ്പെടുത്തുമോ?