Monday, June 23, 2014

അറിയുന്നുണ്ട്‌

അലക്കി വെളുപ്പിച്ച്‌ 
വടിപോലെ തേച്ചിട്ട ഷര്‍ട്ടുമിട്ട്‌
നീ മുന്‍പില്‍ വന്നു നില്‍ക്കുമ്പോഴെല്ലാം 
നിന്റെ നെഞ്ചില്‍ രോമങ്ങള്‍ 
നിബിഡവനം തീര്‍ത്തിരുന്നോ 
എന്നു നോക്കിയിരുന്നു എന്നത്‌ ശരിതന്നെ 
വെളുപ്പിച്ച ഷര്‍ട്ടെങ്കിലും 
വെളുക്കാത്ത നിന്റെ മനസ്‌ അപാരം 
ഇടയ്‌ക്കിടെ ചുംബിക്കുമ്പോഴും അറിഞ്ഞില്ല
നിന്റെ മനസിലെ കുശുമ്പും കുന്നായ്‌മയുമുള്ള 
സ്‌ത്രൈണതയെ 
ചേര്‍ത്തു നിര്‍ത്തുന്ന സമയത്തും
തൊട്ടു മുന്‍പിലുള്ള മതിലിന്റെ
മറയില്‍ മറ്റൊരുവനോട്‌ ചേര്‍ന്നു
നില്‍ക്കുന്നവളുടെ മാറിടത്തിലേക്ക്‌ 
നീളുന്ന നിന്റെ കണ്ണുകളുടെ
അനുസരണക്കേടും മനസിലാകാതില്ല 
പറയുന്ന വാക്കിലെ 
പൊങ്ങച്ചവും തലക്കനവും 
മാത്രമേ നിനക്കുള്ളുവെന്ന്‌ 
മറ്റാരേക്കാള്‍ നന്നായി അറിയുന്നു 
നിന്റെ അടിമയായിരിക്കാന്‍ 
ആവശ്യപ്പെതു മൂലം 
നിന്നെ നഷ്ടപ്പെടാതിരിക്കാന്‍ മാത്രം
കുഴിച്ചു മൂടിയതാണു സ്വന്തം സ്വത്വം 
ഒടുവില്‍ നേരിട്ടു പോലും 
പറയാന്‍ ധൈര്യമില്ലാതെ 
പിരിഞ്ഞു പോകുമ്പോഴും 
ദേഷ്യം തോന്നുന്നില്ല തെല്ലും 
കടുകുമണിയോളം
ചെറുതായ നിന്നോട്‌
ഉച്ചത്തില്‍ സംസാരിക്കാന്‍ പോലും
സഹതാപം തോന്നും 
എങ്കിലും കുറച്ചു നാളെങ്കിലും 
സ്വത്വത്തെ നിനക്കായി
മാറ്റിവച്ചതിന്റെ നോവുണ്ട്‌ മനസില്‍

No comments:

Post a Comment