Wednesday, April 16, 2014


അവളുടെ മേല്‍ കല്ലുകള്‍ പതിച്ചുകൊണ്ടിരുന്നു. ആദ്യത്തെ കല്ലേറ്‌ നടത്തിയത്‌ അച്ഛനമ്മമാരാണ്‌. അമ്മ ആദ്യമെറിഞ്ഞു, രണ്ടാമത്‌ അച്ഛനും. ഹൃദയം പൊട്ടിപ്പിളര്‍ന്നു. പിന്നീട്‌ വരുന്നവരെല്ലാം അവളെ കല്ലെറിഞ്ഞുകൊണ്ടിരുന്നു. അതൊന്നും അവളെ ഏശിയതേയില്ല. കല്ലേറെല്ലാം ആരാലും തിരിച്ചറിയപ്പെടാതെ പോയ ഒരുവള്‍ക്കേറ്റ പ്രഹരമായിരുന്നു. ആദ്യം കല്ലെറിയരുതെന്നപേക്ഷിച്ചെങ്കിലും മറുചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ അവള്‍ക്കായില്ല. വീട്ടുകാരാല്‍ കല്ലെറിയപ്പെട്ട്‌ പൊതുസമൂഹത്തിന്‌ കല്ലെറിയാന്‍ അവര്‍ നല്‍കിയവള്‍ക്ക്‌ തന്നെ കല്ലെറിയരുതെന്നപേക്ഷിക്കാന്‍ എന്ത്‌ ന്യായം? 
തിരിച്ചറിവുകളെ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുള്ളവള്‍ക്ക്‌ ഹൃദയംകൊണ്ട്‌ ചിന്തിക്കുന്നവള്‍ക്ക്‌ ബുദ്ധികൊണ്ട്‌ ചിന്തിക്കുന്നവള്‍്‌ക്കിടയില്‍ ജീവിക്കാന്‍ എന്തവകാശം? സംഘര്‍ഷം കണ്ടുവളര്‍ന്നവളെ സ്വീകരിക്കാന്‍ ആരുമെത്തിയില്ല. അവളൊരിക്കലും സമ്പത്തിന്‌ അവകാശിയായിരുന്നില്ല, സൗന്ദര്യത്തിന്‌ വിലകല്‍പ്പിച്ചിരുന്നവളല്ല.... തനിക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും സ്‌നേഹം ഏറ്റുവാങ്ങാന്‍ ജീവിതമുണ്ടെന്നും അവള്‍ വൃഥാ ആഗ്രഹിച്ചു. നടക്കില്ല എന്നറിഞ്ഞിട്ടും. 
ഒറ്റയ്‌ക്കാകുമ്പോള്‍ ഹൃദയം ചിന്തി വേദനിക്കുമ്പോള്‍ ഒറ്റയ്‌ക്കിരുന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചു. എവിടെയോ ഇരുന്നൊരു ശക്തി ഇതറിയുന്നുണ്ടെന്ന്‌ വിശ്വസിച്ചു. വഴിപിഴച്ചവളുടെ പ്രാര്‍ത്ഥന ഈശ്വരന്‍ കേള്‍ക്കില്ലെന്ന്‌ ഏവരും അവള്‍ കേള്‍ക്കെ പറഞ്ഞുകൊണ്ടിരുന്നു. കല്ലറുകള്‍ മുറയ്‌ക്ക്‌ ഇങ്ങനെ നടന്നുകൊണ്ടിരുന്നു. എറിയുന്നവര്‍ ഓര്‍ക്കുന്നില്ല അവരുടെ പിഴവ്‌, പക്ഷേ അവള്‍ പിഴച്ചവളെന്ന്‌ വിശ്വസിച്ചു. അച്ഛനമ്മമാര്‍ ഏല്‍പ്പിച്ച മുറിവില്‍ നിന്നു മാത്രം അവള്‍ മുക്തയായില്ല. 
ഒടുവില്‍ മാത്രം അവള്‍ ദൈവത്തോട്‌ ചോദിച്ചു എന്തിനു വേണ്ടി എന്റെ ജീവിതം ദുഃഖത്തിലാഴ്‌ത്തുന്നു? ചോദ്യത്തിനവസാനം ദൈവം അരുള്‍ ചെയ്‌തു നീ വെറുക്കപ്പെടേണ്ടവള്‍, നീ ജീവിതാവസാനം സഹസനത്തിന്റെ സുവിശേഷമെഴുതണം, അതുവരെയും നീ പീഡനം സഹിക്കുക.

Friday, April 11, 2014

ഈ മഴയത്ത്‌ എനിക്കൊരു
കവിത കുറിക്കണം
നിന്റെ നെഞ്ചോട്‌ 
ചേര്‍ന്ന്‌ നിന്നൊരു കവിത,
തൂലിക നിന്റെ വിരലാണ്‌
പുസ്‌തകത്താള്‍
നീയെന്നും എന്നെ പ്രിയമോടെ
ചേര്‍ത്തു നിര്‍ത്തുന്ന 
നിന്റെ നെഞ്ചകവും

Sunday, March 16, 2014

ഒടുവിലെന്റെ കല്ലറയ്‌ക്ക്‌ മുന്‍പില്‍ നില്‍ക്കുമ്പോഴും നീ പരിതപിക്കുന്നത്‌ നിനക്കെന്നെ ഞാന്‍ നല്‍കിയത്‌ പോരെന്നോര്‍ത്തായിരിക്കും എനിക്ക്‌ നീ നല്‍കിയതെന്തെന്ന്‌ അന്നും നീ ഓര്‍ക്കില്ല

Friday, March 14, 2014

ഈ പുഴ നീന്തിക്കടക്കാന്‍
നിനക്കൊപ്പം ഞാനുമുണ്ട്‌
പക്ഷേ പുഴയുടെ ആഴങ്ങള്‍ക്ക്‌
അറിയില്ലല്ലോ നാം കണ്ട സ്വപ്‌നങ്ങള്‍
നീയെത്തുമ്പോഴെ പൂത്തുലയുന്നൊരെന്നെയും
നിന്നിലുണരുന്ന ആവേഗങ്ങളെയും
സ്‌നേഹത്തിന്റെ ഏറ്റവും
ഉന്മാദാവസ്ഥയില്‍ എത്തി്‌ക്കാം
അല്ലെങ്കില്‍ പുഴയുടെ ആഴം നമ്മെ
അക്കരെയ്‌ക്ക്‌ എത്തിച്ചില്ലെങ്കിലോ?

Thursday, February 6, 2014


കാമം കൊണ്ടു നീയെന്നെ
തൊടാതിരിക്കുക
ഞാന്‍ പൊള്ളിയടര്‍ന്ന്‌ പോകും, 
അതിലൂടൊരു വിത്തെന്നില്‍
പാകാതിരിക്കുക, തകര്‍ന്നു പോകും
സ്‌നേഹം കൊണ്ടു നീയെന്നെ 
താലോലിക്കുക
മഞ്ഞുതുള്ളിപോല്‍ 
നിന്നിലലിഞ്ഞിടും 
നിര്‍മ്മല സ്‌നേഹത്തിന്‍ 
അമ്മയാവട്ടെ ഞാന്‍

Wednesday, January 22, 2014

ഞാന്‍ എപ്പോഴെ നിന്റേതായിരിക്കുന്നു
നീയറിയാത്തത്‌ എന്റെ കുറ്റമോ?
രണ്ടുധ്രുവങ്ങളില്‍ നില്‍ക്കാന്‍
എന്നിട്ടും നമ്മള്‍ വെറുതെ വാശിപിടിക്കുന്നു
പിന്നെ പ്രണയിച്ചെത്ര നാള്‍ നടക്കാന്‍?
പ്രായമിത്രയൊക്കെയായി
ഭാര്യയാവണം, അമ്മയാകണം
നിന്റെ തണലിനു താഴെ 
ഈ ജീവിതം സാര്‍ത്ഥകമാക്കണം
ഞാന്‍ വെറും സാധാരണപെണ്ണാണ്‌
ഇത്രയൊക്കെയാണ്‌ ആഗ്രഹം, 
അല്ല, പിന്നെ നീയും ഞാനും 
പ്രണയത്തേരിലേറി അങ്ങ്‌
ഉഗാണ്ടയിലേക്ക്‌ പോകുമെന്ന്‌ നുണ
പറയാനൊന്നും വയ്യെന്റെ പൊന്നെ!

Wednesday, December 25, 2013

ഒറ്റമൂലി


ഞാന്‍ ധിക്കാരിയാണ്‌,
അഹങ്കാരിയാണ്‌
അതു നിഷേധിക്കാന്‍
ഞാനില്ലതന്നെ.

ചെറുപ്പത്തില്‍ കുഞ്ഞുവയര്‍
വിശന്നു
അച്ഛനുമമ്മയും വിശന്നിരുന്നപ്പോള്‍
കൂട്ടിന്‌ ആരുണ്ടായിരുന്നു?


കുത്തുവാക്കുകള്‍ കേട്ടു
മനസു മടുത്തു
തൊടിയിലെ മരച്ചുവട്ടിലിരുന്നു
കരഞ്ഞപ്പോള്‍ ആരുവന്നു?

അമ്മ ഒരു കഷ്‌ണം കയറില്‍
തൂങ്ങിയാടാന്‍ ഒരുമ്പെട്ടപ്പോള്‍
തടുക്കാന്‍ ആരുവന്നു?

ആഘോഷവേളകളില്‍
ഉള്ളതില്‍ തൃപ്‌തിയടയാന്‍
ബന്ധുക്കള്‍ വരുമെന്നു കരുതി കാത്തിരുന്നു
ഞാന്‍ കണ്ടില്ല ഒന്നിനെയും.

ആശുപത്രി വരാന്തയില്‍
വെള്ളം വാങ്ങിക്കുടിക്കാന്‍
പണമില്ലാതെ മനസുടഞ്ഞിരുന്നപ്പോള്‍ 
ആരുണ്ടായി?

ഇതിനുമപ്പുറം ഒരു കുന്നോളമിനിയുമുണ്ട്‌
വിഷമങ്ങള്‍, കരഞ്ഞുതീര്‍ക്കാനല്ല,
മനസില്‍ വച്ചു നീറ്റിയെടുക്കാന്‍
വാശിയോടെ ജീവിക്കാനുള്ള
എന്റെ ഒറ്റമൂലി.

ഉറപ്പിച്ചു പറയുന്നു
ഞാന്‍ നിങ്ങള്‍ ഊഹിക്കുന്നതിനപ്പുറം
ധിക്കാരിയും അഹങ്കാരിയുംതന്നെ