Tuesday, June 17, 2014

പൂക്കാത്ത മരം

പൂക്കാത്ത മരമൊന്ന്‌
 ഒറ്റയ്‌ക്ക്‌ 
എത്രയേറെ
കാറ്റുകള്‍ തഴുകി
കടന്നു പോയി 
ചെവിയിലെത്ര 
പ്രലോഭനങ്ങളോതി 
കിഴക്കന്‍ കാറ്റ്‌ 
മെല്ലെ തഴുകി, 
ഉമ്മകള്‍ കൊടുത്ത്‌, 
നെഞ്ചോട്‌ ചേര്‍ത്ത്‌, 
കിഴക്കന്‍ കാറ്റില്‍ 
പൂത്തുലയാന്‍, 
കുഞ്ഞുശാഖികള്‍ 
ഉണ്ടാകുവാന്‍ ധ്യാനിച്ച്‌,
തടയാനെത്തുന്ന 
കൊടുങ്കാറ്റില്‍ 
കടപുഴകി 
വീഴാതിരിക്കാന്‍, 
വേരുകള്‍ 
ഭൂമിയിലേക്കാഴ്‌ത്തി 
കരുത്ത്‌ പ്രാപിക്കെ
നുണയുടെ
മറപിടിച്ച്‌ 
കാറ്റങ്ങ്‌ പോയി

Wednesday, June 11, 2014

ദൈവം പോയ വഴി

രാവിലെ തുടങ്ങിയ 
അന്വേഷണമാണ്‌
ഒരിടത്തുമില്ല
പെരുവിലേന്ന്‌ ദേഷ്യം
ഇരച്ചു കയറുന്നുണ്ട്‌
ഒരു വാക്കു പോലും
പറയാതെ എവിടേക്കാണാവോ
പുറപ്പെട്ടു പോയത്‌?
റെയില്‍വേ സ്‌റ്റേഷനുകളിലും
ബസ്‌ സ്‌റ്റോപ്പുകളിലും
ആരാധനാലയങ്ങളിലും
എല്ലാം നോക്കി
കാര്യം പറഞ്ഞാല്‍
കളി കാര്യമായതാണ്‌
കുറച്ചു ദിവസമായി 
വഴക്കും വക്കാണവും തന്നെ
അല്ലപിന്നെ,
എല്ലാം അറിയാമെന്ന ഭാവമാ,
എന്നാല്‍ എന്തേലുമൊന്ന്‌ 
നടക്കണ്ടേ?
അഹങ്കാരം കണ്ട്‌ മടുത്തപ്പോ
പറഞ്ഞതാണ്‌
ഇറങ്ങിപ്പൊയ്‌ക്കൊള്ളാന്‍
ഇനിയിപ്പോ തിരഞ്ഞു നടക്കാന്‍
സമയമില്ല,
ബാഗെടുത്ത്‌ ശരീരമങ്ങ്‌ 
നടക്കുമ്പോ മനസ്‌ 
ചോദിക്കുന്നുണ്ടായിരുന്നു
എങ്കിലും ദൈവം പോയ
വഴിയേതാണ്‌?

Monday, June 9, 2014

ഊര്‍ദ്ധശ്വാസം വലിക്കാന്‍
ആരംഭിച്ചതിനെ
അക്ഷരശ്വാസത്താല്‍
ജീവന്‍വെപ്പിച്ച്‌
മിടിക്കുന്ന ഹൃദയത്തിന്‌
സൗഹൃദത്തിന്റെ വളമേകി
ചെറു സന്തോഷത്തിന്റെ
വെള്ളമൊഴിച്ച്‌
കുരുന്നിലകള്‍
മുളപ്പിച്ച്‌
വേരുകള്‍
ഉള്ളിന്നുള്ളിലേക്ക്‌
ആഴ്‌ത്തി
സ്വത്വത്തെ തിരിച്ചറിഞ്ഞ്‌
മെല്ലെ മെല്ലെ 
സൂര്യനിലേക്ക്‌ തലയുയര്‍ത്തി
അനേകം ശാഖികള്‍ പുറപ്പെടുവിച്ച്‌
കരുത്തുള്ളൊരു
തണല്‍മരമാകണം ജീവിതം
കുളിമുറി
മൂളിപ്പാട്ടുകാരുടെ
ഓഡിറ്റോറിയം
അഭിമാനികളുടെ
കരച്ചിലിടം
സ്വപ്‌നസഞ്ചാരികളുടെ
ആലോചനായിടം
രഹസ്യസന്തോഷങ്ങളുടെ
ചിരിയിടം
ചമയങ്ങളില്ലാതെ 
നമ്മള്‍ നമ്മെ നോക്കുന്നയിടം
അങ്ങനെ കുളിമുറി
ഒരിടമാണ്‌
ഒത്തിരി കാര്യങ്ങളുടെ
വല്യൊരിടം

Saturday, June 7, 2014

നിന്നോടൊപ്പം ഒരു കുഴിമാടത്തില്‍
അന്തിയുറങ്ങാമെന്ന്‌ വാക്കു തന്നിട്ട്‌
ചിതയിലേക്കെന്നെ എറിഞ്ഞിട്ട്‌ 
നീ തീര്‍ത്ഥാടനത്തിന്‌ പോയതെങ്ങ്‌?
ഉരുകിത്തെളിഞ്ഞിട്ടും 
ജീവിതശാഖിയില്‍ 
 ഭ്രാന്തെടുപ്പിക്കുന്ന കോലാഹലങ്ങള്‍ 
 പൂര്‍ണ്ണമായും 
കൈവിട്ടു കളയുമ്പോഴും 
തള്ളിയിട്ടതല്ലെന്ന്‌ വിശ്വസിച്ച്‌ 
അടര്‍ന്നു വീഴുന്ന നിമിഷങ്ങളിലും 
ജീവിക്കാന്‍ ഒരു നിമിഷം 
കൂടിയെന്നോര്‍ത്ത്‌ 
അടര്‍ന്നു വീഴുന്ന ഇലകളെയോര്‍ത്ത്‌ കാല്‍പ്പാദങ്ങള്‍ക്കടിയില്‍ 
ഞെരിഞ്ഞമരുന്ന 
പുല്‍ക്കൊടികളെയോര്‍ത്ത്‌ 
വേദനിച്ച്‌ 
ലോകം മുഴുവന്‍ 
 കരുണയായിരിക്കണമേ 
എന്ന്‍ ദൈവത്തിനു മുന്‍പില്‍ 
കൈകള്‍ കൂപ്പി പ്രത്യാശയോടെ, 
 പ്രാര്‍ത്ഥനയോടെ 
ചില ജീവിതങ്ങള്‍ ഇങ്ങനെയും 
എന്നോര്‍ത്ത്‌ ദീര്‍ഘ നിശ്വാസമെടുക്കെ
ശ്വാസം നിലച്ച്‌ വഴിയരികില്‍
നിന്നും പൊതുശ്‌മശാനത്തിലേക്ക്‌

Monday, June 2, 2014

നുറുങ്ങുകള്‍

യുദ്ധമാണ്‌ ഞാനും
ദൈവവും തമ്മില്‍
ജയിച്ചാല്‍ ഞാന്‍ നിനക്കൊപ്പം
ഇല്ലെങ്കില്‍ ദൈവത്തിനൊപ്പം



ഗര്‍ഭപാത്രം തരിശ്‌
സ്‌നേഹപ്പാലാഴിയാല്‍
നിറഞ്ഞു വിങ്ങുന്ന മാറിടം
കണ്ണില്‍ അശ്രുകണം



മരിക്കണമെന്നോര്‍ത്തിട്ടും
റോഡ്‌ മുറിച്ചു കടക്കുമ്പോള്‍
കണ്ണുകള്‍ ഇരുവശത്തേക്കും
വെറുതെ പായുന്നു



നീ വണ്ടെന്നുള്ളതിന്‌ 
സാക്ഷി വാടിയ ഈ പൂവു തന്നെ



പാകമല്ലാത്ത ചെരിപ്പൊന്നു
നിര്‍ബന്ധപൂര്‍വ്വം ഇടീപ്പിച്ചിട്ടവര്‍
പറയുന്നു ചെരിപ്പെനിക്കു നന്നെന്ന്‌
അവര്‍ അറിയുന്നുവോ 
മരണം ചെരിപ്പിന്റെ വാറിനോളം
അടുത്തെന്ന്‌