Monday, June 23, 2014

അറിയുന്നുണ്ട്‌

അലക്കി വെളുപ്പിച്ച്‌ 
വടിപോലെ തേച്ചിട്ട ഷര്‍ട്ടുമിട്ട്‌
നീ മുന്‍പില്‍ വന്നു നില്‍ക്കുമ്പോഴെല്ലാം 
നിന്റെ നെഞ്ചില്‍ രോമങ്ങള്‍ 
നിബിഡവനം തീര്‍ത്തിരുന്നോ 
എന്നു നോക്കിയിരുന്നു എന്നത്‌ ശരിതന്നെ 
വെളുപ്പിച്ച ഷര്‍ട്ടെങ്കിലും 
വെളുക്കാത്ത നിന്റെ മനസ്‌ അപാരം 
ഇടയ്‌ക്കിടെ ചുംബിക്കുമ്പോഴും അറിഞ്ഞില്ല
നിന്റെ മനസിലെ കുശുമ്പും കുന്നായ്‌മയുമുള്ള 
സ്‌ത്രൈണതയെ 
ചേര്‍ത്തു നിര്‍ത്തുന്ന സമയത്തും
തൊട്ടു മുന്‍പിലുള്ള മതിലിന്റെ
മറയില്‍ മറ്റൊരുവനോട്‌ ചേര്‍ന്നു
നില്‍ക്കുന്നവളുടെ മാറിടത്തിലേക്ക്‌ 
നീളുന്ന നിന്റെ കണ്ണുകളുടെ
അനുസരണക്കേടും മനസിലാകാതില്ല 
പറയുന്ന വാക്കിലെ 
പൊങ്ങച്ചവും തലക്കനവും 
മാത്രമേ നിനക്കുള്ളുവെന്ന്‌ 
മറ്റാരേക്കാള്‍ നന്നായി അറിയുന്നു 
നിന്റെ അടിമയായിരിക്കാന്‍ 
ആവശ്യപ്പെതു മൂലം 
നിന്നെ നഷ്ടപ്പെടാതിരിക്കാന്‍ മാത്രം
കുഴിച്ചു മൂടിയതാണു സ്വന്തം സ്വത്വം 
ഒടുവില്‍ നേരിട്ടു പോലും 
പറയാന്‍ ധൈര്യമില്ലാതെ 
പിരിഞ്ഞു പോകുമ്പോഴും 
ദേഷ്യം തോന്നുന്നില്ല തെല്ലും 
കടുകുമണിയോളം
ചെറുതായ നിന്നോട്‌
ഉച്ചത്തില്‍ സംസാരിക്കാന്‍ പോലും
സഹതാപം തോന്നും 
എങ്കിലും കുറച്ചു നാളെങ്കിലും 
സ്വത്വത്തെ നിനക്കായി
മാറ്റിവച്ചതിന്റെ നോവുണ്ട്‌ മനസില്‍

ആത്മസാക്ഷാത്‌കാരം

പുസ്‌തകവും പേനയുമെടുത്ത്‌ 
ഉള്ളില്‍ ഉരുത്തിരിഞ്ഞ 
ആശയങ്ങളെ കവിതയാക്കാന്‍
 ഇരുന്നതാണ്‌, 
എഴുതാനിരുന്നിട്ടും മനസില്‍
വല്ലാത്തൊരു അസ്‌കിത 
പലതുമുണ്ട്‌ മനസില്‍ 
എന്തിനെപ്പറ്റിയാണ്‌ 
എഴുതി വരിക?
 ഒരു ദീര്‍ഘനിശ്വാസമെടുത്ത ശേഷം
രണ്ടു കൈയിലെയും ഞൊട്ടയൊടിച്ച്‌
മുറിയിലൂടെ അങ്ങിങ്ങു നടന്നു 
ജനലഴിയിലൂടെ പുറത്തേക്ക്‌ 
നോക്കി നിന്നപ്പോഴാണ്‌ 
ഒരു സത്യം ഓര്‍മ്മ വന്നത്‌ 
എന്തിനെപ്പറ്റിയും കവിത എഴുതാം, 
പക്ഷേ മലയാളം മരിക്കുന്നു 
എന്നല്ലേ കേള്‍ക്കുന്നത്‌ 
ഇതാരു വായിക്കും? 
മലയാളം കുരച്ചു കുരച്ചു അരിയാം 
എന്ന പല്ലവിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌
 ഇംഗ്ലീഷിലല്ലാത്തതിനൊന്നും 
വിലയില്ലെന്ന തേങ്ങല്‍ 
മകള്‍ മലയാളം പുസ്‌തകം വായിച്ചതിന്‌
ഒച്ചപ്പാടുണ്ടാക്കിയ അച്ഛനമ്മമാര്‍, 
അലങ്കാരത്തിനെങ്കിലും 
ഇംഗ്ലീഷ്‌ എഴുത്തുകാരുടെ 
പുസ്‌തകങ്ങള്‍ മാത്രം 
വാങ്ങിവയ്‌ക്കുന്ന പൊങ്ങച്ചക്കാര്‍ 
ക്ലബ്ബുകളിലും മാളുകളിലും 
അലയുന്ന യുവത്വങ്ങള്‍ 
പൊതുസ്ഥലത്തോ വീട്ടില്‍ വച്ചോ പോലും 
മലയാളം പറഞ്ഞാല്‍ പിഴ ഈടാക്കുമെന്ന
വ്യവസ്ഥയില്‍ വളരുന്ന കുട്ടികള്‍
 അവരെങ്ങനെ നിന്നെ വായിക്കും 
മലയാള കവിതേ? 
അങ്കലാപ്പുകള്‍ ഏറെയെങ്കിലും 
മലയാളത്തില്‍ എഴുതുമെന്ന 
തീരുമാനമെടുത്ത്‌ സിഗരറ്റില്‍ നിന്നും
അവസാന പഫുമെടുത്ത്‌ 
അയാള്‍ കസേരയില്‍ വന്നിരുന്ന്‌
ആത്മസാക്ഷാത്‌കാരംനടത്താന്‍ പേനയെടുത്തു

Tuesday, June 17, 2014

പൂക്കാത്ത മരം

പൂക്കാത്ത മരമൊന്ന്‌
 ഒറ്റയ്‌ക്ക്‌ 
എത്രയേറെ
കാറ്റുകള്‍ തഴുകി
കടന്നു പോയി 
ചെവിയിലെത്ര 
പ്രലോഭനങ്ങളോതി 
കിഴക്കന്‍ കാറ്റ്‌ 
മെല്ലെ തഴുകി, 
ഉമ്മകള്‍ കൊടുത്ത്‌, 
നെഞ്ചോട്‌ ചേര്‍ത്ത്‌, 
കിഴക്കന്‍ കാറ്റില്‍ 
പൂത്തുലയാന്‍, 
കുഞ്ഞുശാഖികള്‍ 
ഉണ്ടാകുവാന്‍ ധ്യാനിച്ച്‌,
തടയാനെത്തുന്ന 
കൊടുങ്കാറ്റില്‍ 
കടപുഴകി 
വീഴാതിരിക്കാന്‍, 
വേരുകള്‍ 
ഭൂമിയിലേക്കാഴ്‌ത്തി 
കരുത്ത്‌ പ്രാപിക്കെ
നുണയുടെ
മറപിടിച്ച്‌ 
കാറ്റങ്ങ്‌ പോയി

Wednesday, June 11, 2014

ദൈവം പോയ വഴി

രാവിലെ തുടങ്ങിയ 
അന്വേഷണമാണ്‌
ഒരിടത്തുമില്ല
പെരുവിലേന്ന്‌ ദേഷ്യം
ഇരച്ചു കയറുന്നുണ്ട്‌
ഒരു വാക്കു പോലും
പറയാതെ എവിടേക്കാണാവോ
പുറപ്പെട്ടു പോയത്‌?
റെയില്‍വേ സ്‌റ്റേഷനുകളിലും
ബസ്‌ സ്‌റ്റോപ്പുകളിലും
ആരാധനാലയങ്ങളിലും
എല്ലാം നോക്കി
കാര്യം പറഞ്ഞാല്‍
കളി കാര്യമായതാണ്‌
കുറച്ചു ദിവസമായി 
വഴക്കും വക്കാണവും തന്നെ
അല്ലപിന്നെ,
എല്ലാം അറിയാമെന്ന ഭാവമാ,
എന്നാല്‍ എന്തേലുമൊന്ന്‌ 
നടക്കണ്ടേ?
അഹങ്കാരം കണ്ട്‌ മടുത്തപ്പോ
പറഞ്ഞതാണ്‌
ഇറങ്ങിപ്പൊയ്‌ക്കൊള്ളാന്‍
ഇനിയിപ്പോ തിരഞ്ഞു നടക്കാന്‍
സമയമില്ല,
ബാഗെടുത്ത്‌ ശരീരമങ്ങ്‌ 
നടക്കുമ്പോ മനസ്‌ 
ചോദിക്കുന്നുണ്ടായിരുന്നു
എങ്കിലും ദൈവം പോയ
വഴിയേതാണ്‌?

Monday, June 9, 2014

ഊര്‍ദ്ധശ്വാസം വലിക്കാന്‍
ആരംഭിച്ചതിനെ
അക്ഷരശ്വാസത്താല്‍
ജീവന്‍വെപ്പിച്ച്‌
മിടിക്കുന്ന ഹൃദയത്തിന്‌
സൗഹൃദത്തിന്റെ വളമേകി
ചെറു സന്തോഷത്തിന്റെ
വെള്ളമൊഴിച്ച്‌
കുരുന്നിലകള്‍
മുളപ്പിച്ച്‌
വേരുകള്‍
ഉള്ളിന്നുള്ളിലേക്ക്‌
ആഴ്‌ത്തി
സ്വത്വത്തെ തിരിച്ചറിഞ്ഞ്‌
മെല്ലെ മെല്ലെ 
സൂര്യനിലേക്ക്‌ തലയുയര്‍ത്തി
അനേകം ശാഖികള്‍ പുറപ്പെടുവിച്ച്‌
കരുത്തുള്ളൊരു
തണല്‍മരമാകണം ജീവിതം
കുളിമുറി
മൂളിപ്പാട്ടുകാരുടെ
ഓഡിറ്റോറിയം
അഭിമാനികളുടെ
കരച്ചിലിടം
സ്വപ്‌നസഞ്ചാരികളുടെ
ആലോചനായിടം
രഹസ്യസന്തോഷങ്ങളുടെ
ചിരിയിടം
ചമയങ്ങളില്ലാതെ 
നമ്മള്‍ നമ്മെ നോക്കുന്നയിടം
അങ്ങനെ കുളിമുറി
ഒരിടമാണ്‌
ഒത്തിരി കാര്യങ്ങളുടെ
വല്യൊരിടം

Saturday, June 7, 2014

നിന്നോടൊപ്പം ഒരു കുഴിമാടത്തില്‍
അന്തിയുറങ്ങാമെന്ന്‌ വാക്കു തന്നിട്ട്‌
ചിതയിലേക്കെന്നെ എറിഞ്ഞിട്ട്‌ 
നീ തീര്‍ത്ഥാടനത്തിന്‌ പോയതെങ്ങ്‌?